വീണ്ടും മഴ കനക്കും; ചെവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് . . .

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വീണ്ടും മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എട്ടു ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപെടാനുള്ള സാധ്യത കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. നേരത്തെ ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു.

ഇത്തവണ കാലവര്‍ഷം ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ മാസം 30 ഓടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ 15 വരെ കാലവര്‍ഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്‌.

Top