കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂലൈ ഒന്നിന് രാത്രി 11 :30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായ തീരങ്ങളില്‍ വിനോദ സഞ്ചാരം ഒഴിവാക്കേണ്ടതാണ്.

തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ജൂണ്‍ 30 ന് മധ്യ-പടിഞ്ഞാറന്‍ അറബിക്കടലിലും ,അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും ,തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും , അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ; വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും, തെക്ക് ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ തീരത്തും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിക്കുന്നു.

Top