ജനങ്ങളെ വെല്ലുവിളിക്കരുത്; സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരോട് വീണാ ജോര്‍ജ്

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച തുടങ്ങുമെന്നും, പിജി അലോട്ട്‌മെന്റ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. സമരം തുടരുന്നത് നിര്‍ഭാഗ്യകരമാണ്. ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതരുടെ നിര്‍ദേശം അറിഞ്ഞയുടന്‍ തിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോര്‍ജ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്.

ജനത്തിന്റെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top