ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേരളത്തില്‍; പിന്തള്ളിയത് മഹാരാഷ്ട്രയെ

46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുമായി മഹാരാഷ്ട്രയെ പിന്തള്ളി കേരളം ഒന്നാമതായി. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. മഹാരാഷ്ട്രയില്‍ 40 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കൂടിയത്.

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കേരളത്തില്‍ പഞ്ചായത്തുകളില്‍ വരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുണ്ട്. സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലെന്ന പെരുമയോടെ ഇന്ത്യ ടൂറിസം വികസന കോര്‍പറേഷന്റെ (ഐടിഡിസി ) അശോക് ബീച്ച് റിസോര്‍ട്ടിലൂടെയാണു തലസ്ഥാനത്തെ മത്സ്യബന്ധന ഗ്രാമമായിരുന്ന കോവളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയ ഹോട്ടലായിരുന്ന കോവളം അശോക, 2022 ഡിസംബറില്‍ അശോക റാവിസ് കോവളം ആയി.

അതേസമയം രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറിയതില്‍ അദ്ഭുതമില്ലെന്ന് താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്രുതി ഷിബുലാല്‍. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മികച്ച പ്രചാരണം സംഘടിപ്പിക്കുന്ന സംസ്ഥാനമാണു കേരളം. ന്യൂയോര്‍ക്ക് ടൈംസ് ലോകത്തെ ആദ്യ 50 ഡെസ്റ്റിനേഷനുകള്‍ക്കൊപ്പം കേരളത്തെയും ഉള്‍പ്പെടുത്തി. ഈ നേട്ടം കേരളത്തിലെ ഹോസ്പിറ്റാലിറ്റി, വിനോദ സഞ്ചാര വ്യവസായങ്ങള്‍ക്ക് കാര്യമായ മുന്നേറ്റം നേടിക്കൊടുക്കുമെന്നും ആഡംബര ഹോട്ടല്‍ ബ്രാന്‍ഡായ ഒ ബൈ താമരയുടെ ഉടമസ്ഥരായ താമര ലീഷര്‍ എക്‌സ്പീരിയന്‍സസിന്റെ സാരഥി പ്രതീക്ഷ പ്രകടിപ്പിച്ചു.

Top