രാജ്യത്ത് ആറരക്കോടി; കേരളത്തില്‍ ചേരികളില്‍ താമസിക്കുന്നത് 45,417 പേര്‍ മാത്രം; ഏറ്റവും കുറവ്

ഡൽഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഗരവാസികൾക്കിടയിലെ ചേരികളിൽ ഏറ്റവും കുറച്ചുപേർ താമസിക്കുന്നത് കേരളത്തിൽ. സംസ്ഥാനത്ത് 45,417 പേർ മാത്രമാണ് ചേരികളിൽ താമസിക്കുന്നത്. ഗുജറാത്തിൽ 3.45 ലക്ഷം, ഉത്തർപ്രദേശ് 10.66 ലക്ഷം, മഹാരാഷ്ട്ര 24.99 ലക്ഷം, മധ്യപ്രദേശ് 11.17 ലക്ഷം, കർണാടക 7.07 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ. രാജ്യസഭയിൽ സിപിഎം എംപി എ എ റഹീം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 1.39 കോടി കുടുംബങ്ങളിലെ 6.54 കോടി ആളുകൾ രാജ്യത്തുടനീളമുള്ള 1,08,227 ചേരികളിലാണ് താമസിക്കുന്നതെന്ന് മറുപടിയിൽ പറയുന്നു. കുടിയേറി പാർപ്പിക്കൽ സംസ്ഥാന സർക്കാരിന്റെ നടപടിയാണ്. ചേരിനിവാസികൾ ഉൾപ്പടെയുള്ള നഗരങ്ങളിലെ ദരിദ്രർക്കുള്ള ഭവനനിർമ്മാണം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളം കേന്ദ്രഭരണ പ്രദേശങ്ങളുമാണ്. ഇതിനാവശ്യമായ സഹായം കേന്ദ്രം നൽകുന്നുണ്ടെന്നും കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ പറഞ്ഞു.

കണക്കുകളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഉൾപ്പടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചേരിനിവാസികളുടെ എണ്ണം കുടുതലെന്നും രാജ്യത്ത് ഇക്കാര്യത്തിൽ ഏറ്റവും കുറച്ചുപേർ താമസിക്കുന്നത് കേരളത്തിലാണെന്നും റഹിം പറഞ്ഞു. ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഗുജറാത്തിലെ ചേരികളിലെ കുടുംബങ്ങൾ മൂന്നരലക്ഷത്തേളമാണ്. സൂറത്തിൽ മാത്രം 4,67,434 പേർ ചേരികളിൽ താമസിക്കുന്നു. ഇടതുപക്ഷമാണ് യഥാർത്ഥ ബദലെന്ന് കേരളത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു, റഹീം പറഞ്ഞു. ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് കൈ കഴുകാനാകില്ല. ചേരി നിവാസികൾക്ക് പാർപ്പിട സൗകര്യങ്ങൾ നിർമ്മിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Top