മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് പുതിയ അപേക്ഷ. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെടുന്നു.

ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം എന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദ്ദേശിക്കണമെന്നും കേരളത്തിന്റെ പുതിയ അപേക്ഷയില്‍ പറയുന്നു.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. വീടുകളില്‍ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താനാണ് തീരുമാനം.

അടിയന്തര ഇടപെടല്‍ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും മേല്‍നോട്ട ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താന്‍ മേല്‍നോട്ട സമിതി തയ്യാറായില്ല. കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വെള്ളിയാഴ്ചയായിരിക്കും കേരളത്തിന്റെ അപേക്ഷ കോടതി പരിഗണിക്കുക.

Top