കേരള സര്‍ക്കാറിന്റെ ‘കെ – സ്‍മാർട്ട്’ ലോഞ്ചിന് മുൻപേ അംഗീകാര നിറവിൽ; 22.5 കോടി ഗ്രാന്റ് ലഭിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി ഒരുക്കുന്ന കെ സ്മാർട്ട് ലോഞ്ച് ചെയ്യും മുൻപേ അംഗീകാര നിറവിൽ. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപ്പന ചെയ്യുന്ന കെ സ്മാർട്ട് പ്ലാറ്റ്ഫോമിന്റെ ഡെവലപ്മെന്റും, ലക്ഷ്യങ്ങളും, പുരോഗതിയും വിലയിരുത്തി, നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ 22.5 കോടി രൂപയാണ് ഗ്രാന്റായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഏഴര കോടി രൂപ അനുവദിച്ച് ഉത്തരവായി.

ലോഞ്ച് ചെയ്യും മുമ്പേ മികച്ച നേട്ടമാണ് കെ സ്മാർട്ട് സ്വന്തമാക്കിയിരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇ ഗവേണൻസിൽ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാക്കി ഇൻഫർമേഷൻ കേരള മിഷനെ മാറ്റാൻ ഈ അംഗീകാരം സഹായകരമാകും. ഇൻഫർമേഷൻ കേരളാ മിഷനെയും എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവിനെയും കെ സ്മാർട്ട് ഡെവലപ്മെന്റ് ടീമിനെയും മന്ത്രി അഭിനന്ദിച്ചു.

നഗര പ്രദേശങ്ങളിലെ ഭരണ നിർവഹണവും പൊതുജനങ്ങള്‍ക്കുള്ള സേവനപ്രദാനവും പൂർണമായും കമ്പ്യൂട്ടർവത്കരിക്കാനും, അതിവേഗം സേവനം ലഭിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സ്ഥാപനമായ എൻയുഡിഎം പ്രവർത്തിക്കുന്നത്. പ്രാദേശിക സർക്കാരുകളുടെ സേവനങ്ങളെ നൂതനവും മികവോടെയും ഒരുക്കി നൽകാനുള്ള സുപ്രധാന ചുവടുവെപ്പാണ് കെ സ്മാർട്ട് പ്ലാറ്റ്ഫോം. പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനുള്ള ഒന്‍പത് മൊഡ്യൂളുകളോടെ നവംബർ ആദ്യം കെ സ്മാർട്ട് ലോഞ്ച് ചെയ്യും. കൂടുതൽ സേവനങ്ങള്‍ തുടർന്ന് ചേർക്കും.

മറ്റ് സംസ്ഥാനങ്ങളും കെ സ്മാർട്ട് മാതൃകയിൽ സോഫ്റ്റ് വെയർ തയ്യാറാക്കാൻ ഇതിനകം തന്നെ ഐകെഎമ്മിനെ സമീപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിലെ സേവനം ഓൺലൈനിൽ ലഭ്യമാക്കിയ ഐ.എൽ.ജി.എം.എസ് പ്ലാറ്റ്ഫോമും ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടുതൽ വിപുലവും ആധുനികവുമായ സൗകര്യമാണ് കെ സ്മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും പൗരന്മാർക്കുള്ള സേവനങ്ങൾ ഓൺലൈനിലാക്കുന്നന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കായി നിരവധി സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകൾ ഐകെഎം വികസിപ്പിച്ച് വിന്യസിച്ചിട്ടുണ്ട്.

ഈ ആപ്ലിക്കേഷനുകളെയെല്ലാം ഒരൊറ്റ മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷനായി സമന്വയിപ്പിച്ച് ഓരോ പൗരനും ഒരൊറ്റ സൈൻഓണ്‍, ഒരു ഡാഷ്‌ബോർഡും വഴി സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മൈക്രോ സർവീസ് ആർക്കിടെക്ചറിൽ ക്ലൗഡ് അധിഷ്ടിത പ്ലാറ്റ്ഫോമില്‍ ഐ.കെ.എം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറാണ് കെ-സ്മാര്‍ട്ട്.

AI/ML, Block Chain, AR/VR, Analytics, Cloud, GIS മുതലായ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ K-SMART ല്‍ ഉപയോഗിക്കും. കേരളത്തിലെ പൗരന്മാർക്ക് ലോകോത്തര സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും. Mobile Native Cloud ERP, Data Driven Digital Governance & Decision Support System, Platform based & Common Data Registry Approach, Micro services Architecture & DevOps Engineering തുടങ്ങിയവയെല്ലാം കെ സ്മാർട്ടിന്റെ പ്രത്യേകതകളാണ്.

Top