വെട്ടിമാറ്റുന്ന ചരിത്രം വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം: മുഖ്യമന്ത്രി

മലബാർ കലാപത്തിലെ പോരാളികളെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനാണ് കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ വർഗീയവൽക്കരിക്കുകയാണ്. ചരിത്രം മതനിരപേക്ഷമാകണം. വെട്ടിമാറ്റപ്പെടുന്ന ചരിത്രം നമ്മുടെ മക്കൾ പഠിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് വേണ്ടി പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാർ അത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ കേന്ദ്രം നിർത്തിലാക്കി. കേരള സർക്കാർ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എത്ര വർഗീയ വൽക്കരിക്കാൻ ശ്രമിച്ചാലും സാമൂഹ്യ നീതി മുൻ നിർത്തി സംസ്ഥാന സർക്കാർ അതുമായി മുന്നോട്ട് പോകും. ന്യൂനപക്ഷങ്ങൾക്കായി നേരത്തെ ഉണ്ടായ പദ്ധതികൾ പോലും കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണ്. അധികാരത്തിൽ ഇരിക്കുന്നവർ തന്നെ ചരിത്രത്തെ വികലമാക്കാൻ ശ്രമിക്കുകയാണ്. ചരിത്ര പുരുഷൻമാരെ വെട്ടി മാറ്റാൻ ശ്രമിക്കുന്നു. വെട്ടിമാറ്റുന്ന ചരിത്രം വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനമെന്നും പണറായി വിജയന്‍ വ്യക്തമാക്കി.

മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നവരെ മതങ്ങളെ വെല്ലുവിളിക്കുന്നവരായാണ് ചിലർ കാണുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങൾ കേവലം സമുദായ സംഘടനകളായി ചുരുങ്ങി. അതുണ്ടാവാൻ പാടില്ല. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കേരളത്തിൽ പോലും അതിനായി ചിലർ മുന്നോട്ട് വരുന്നു എന്നത് പരിതാപകരമാണ്. തീവ്ര മതാത്മകതയും തീവ്ര ദേശീയതയും പ്രചരിപ്പിക്കുകയാണ്. സാമൂഹിക ഇടപെടലുകളിൽ നിന്ന് കേന്ദ്രം പിന്മാറുകയാണ്. അതിൽ ഇടപെടുന്ന സംസ്ഥാന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി വിരിഞ്ഞു മുറുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top