മാലിന്യ സംസ്കരണത്തില്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും സാങ്കേതിക പിന്തുണ നല്‍കാൻ സര്‍ക്കാർ

തിരുവനന്തപുരം : ഹോട്ടലുകളും റസ്റ്റോറന്റുകളും കാറ്ററിംഗ് ഏജന്‍സികളും മാലിന്യ സംസ്കരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയില്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക പിന്തുണ നല്‍കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരായാന്‍ സംസ്ഥാന ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

കേരള ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധരുമായി ഈ വിഷയത്തില്‍ സംവദിച്ചു.

സെമിനാര്‍ ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തില്‍ കൂടുതല്‍ ക്രിയാത്മകവും അര്‍ത്ഥവത്തായതുമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദിപ്പിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കെള്ളണം. മാലിന്യ സംസ്കരണ മേഖലയിലെ ചില ഏജന്‍സികള്‍ അനാരോഗ്യകരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ എന്ന ആശയം എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നത് തടയാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ലഭ്യമായ സാങ്കേതിക വിദ്യകളെയും ഉല്‍പ്പന്നങ്ങളെയും കുറിച്ച് തയ്യാറാക്കിയ ബ്രോഷര്‍ യു.വി ജോസ് പ്രകാശനം ചെയ്തു. ശുചിത്വ മിഷന്‍ ഡയറക്ടര്‍ ടിഎം മുഹമ്മദ് ജാ അധ്യക്ഷത വഹിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ ഗംഗ ആര്‍.എസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവയിലെ വിദഗ്ധര്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

Top