‘ഫ്‌ലാറ്റുകള്‍ എല്ലാം നിലംപൊത്തി’; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

തിരുവനന്തപുരം/ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളും അറിയിക്കും. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തില്‍ തുടര്‍നടപടികളിന്മേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

ഫ്‌ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിലായിരിക്കും പ്രധാനമായും വാദം നടക്കുക. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ നഷ്ടപരിഹാര സമിതി കോടതിയെ അറിയിക്കും. നഷ്ടപരിഹാരത്തിന്റെയും അന്വേഷണത്തിന്റെയും കാര്യത്തിലും നിര്‍മാതാക്കളുടെ വാദവും കോടതി കേള്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം തീരദേശപരിപാലന നിയമലംഘനത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സര്‍ക്കാറിന് മുന്നിലെ വെല്ലുവിളിയാണ്.മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം – എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8-നാണ് സുപ്രീംകോടതി ഉത്തരവിടുന്നത്.

എന്നാല്‍ മരട് ഫ്ലാറ്റ് കേസില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാറിനെതിരെ സൂപ്രീം കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി വിളിച്ച് വരുത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഫ്‌ലാറ്റുകള്‍ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ഫെബ്രുവരി 9-ാം തീയതിക്ക് അകം, ഫ്‌ലാറ്റുകള്‍ നിന്നിരുന്ന സ്ഥലം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ഒക്ടോബര്‍ 25-ാം തീയതി സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 11,12 തീയതികളില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മരടിലെ നാല് ഫ്‌ളാറ്റുകളും വിജയകരമായി സ്‌ഫോടനത്തിലൂടെ തകര്‍ത്തതോടെഎല്ലാം വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കുമാണ് വിരാമമിട്ടത്.

ശനിയാഴ്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ യും ആല്‍ഫ സെറിനുമാണ് സ്ഫോടനത്തിലൂടെ വിജയകരമായി തകര്‍ത്തതത്. ഇന്നലെ ഗോള്‍ഡന്‍ കായലോരം ജയിന്‍ കോറല്‍ കോവുമാണ് തകര്‍ത്തത്.

Top