ഇടുക്കിയിൽ റെവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു

ഇടുക്കി: റെവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഗമണ്ണില്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു. വിവിധ ഗ്രൂപ്പുകളുടെ കൈവശമുണ്ടായിരുന്ന 79 ഏക്കര്‍ ഭൂമിയാണ് ഹൈകോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചത്. സമീപകാലത്ത് നടന്ന വലിയ കൈയ്യേറ്റ ഒഴിപ്പിക്കലുകളിൽ ഒന്നാണ് ഇത്. മൂന്നാർ പോതമേട്ടിൽ ട്രീ റിസോർട്ടിന്റെ ഭാഗമായി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലവും റവന്യൂ വകുപ്പ് ഏറ്റെടുത്തു. മൂന്നാർ എൽആർ തഹസിൽദാർ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സർവ്വേ സംഘം ഉൾപ്പെടെയുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.

കോടതിയില്‍നിന്ന് അനുകൂല വിധി വന്നതോടെ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.24 പട്ടയങ്ങള്‍ ഉപയോഗിച്ച് 79 ഏക്കര്‍ കൈവശപ്പെടുത്താനാണ് ഉടമകളെന്ന് അവകാശപ്പെടുന്ന വ്യക്തികളും ഗ്രൂപ്പുകളും ശ്രമിച്ചത്. എന്നാല്‍ മറ്റൊരിടത്ത് അനുവദിച്ച പട്ടയങ്ങളുടെ മറവില്‍ പരിസ്ഥിതി പ്രാധാന്യമുള്ള 79 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകളും ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് 79 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പലതവണ നോട്ടീസയച്ച് ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കൈവശം വച്ചിരുന്നവര്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന അവര്‍ പലതവണ ഹിയറിങ്ങിന് ഹാജരാകുകയും തങ്ങളുടെ കൈവശമുള്ള ഭൂമിയിടെ കാര്യത്തില്‍ ക്ലെറിക്കല്‍ പിഴവാണ് സംഭവിച്ചതെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.

Top