കേരളത്തെ ഡിജിറ്റലാക്കാനൊരുങ്ങി സര്‍ക്കാര്‍; കെ-ഫോണ്‍ പദ്ധതിക്ക് അംഗീകാരം

സംസ്ഥാനത്തെ എല്ലാ ആളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ-ഫോണ്‍ (കേരള-ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. റിപ്പോര്‍ട്ട് പ്രകാരം ഈ പദ്ധതിക്കായി 1,548 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

കെ-ഫോണ്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്നത് കിഫ്ബി ആണ്. സംസ്ഥാനത്ത് ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുക എന്നതുകൂടി സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സേവനങ്ങളായ ഐ.ടി പാര്‍ക്കുകള്‍, ആരോഗ്യ മേഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയാണ് ഇതിലൂടെ ഡിജിറ്റലൈസ് ചെയ്യപ്പെടുക.

പൊതുഇടങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന 2000 ഹോട്ട്‌സ്‌പോട്ടുകളാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. കളക്ടര്‍മാര്‍ ഓരോ ജില്ലയിലെയും ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ബി.എസ്.എന്‍.എല്‍ ആണ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡറുകള്‍ എടുത്തിരിക്കുന്നത്. ലൈബ്രറികള്‍, പാര്‍ക്കുകള്‍, ബസ്റ്റാന്‍ഡുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക.

കെ-ഫോണ്‍ പദ്ധതിയില്‍ കെഎസ്ഇബിക്കും കെഎസ്‌ഐടിഎല്ലിനും 50 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന, സ്വകാര്യ കമ്പനികളെക്കാള്‍ മികച്ച സേവനം നല്‍കുന്ന പൊതുമേഖലാ സംരംഭമായി കെ-ഫോണ്‍ മാറാനാണ് സാധ്യത.

Top