പൗരത്വ നിയമഭേദഗതി: എതിര്‍പ്പുകള്‍ തന്റെ അഭിപ്രായത്തെ മാറ്റില്ലെന്ന് ഗവര്‍ണര്‍

പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനമായിരുന്നുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എതിര്‍പ്പുകള്‍ തന്റെ അഭിപ്രായത്തെ മാറ്റില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ഭരണഘടനയെ സംരക്ഷിക്കുന്ന നിലപാടല്ല ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നാരോപിച്ച് യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്ത് വന്നു.

പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും നല്‍കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നായിരുന്നു ഗവര്‍ണര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.

 

 

Top