മാവോവാദികള്‍ വെടിയേറ്റ് മരിച്ച സംഭവം: ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍

കൊച്ചി : അട്ടപ്പാടിയില്‍ മാവോവാദികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാവോവാദികള്‍ക്കെതിരായ നടപടികള്‍ നിയമാനുസൃതമാകണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

നിയമലംഘനമുണ്ടായതായി ഇതുവരെ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാര്‍ കേസില്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് തേടും. സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിഞ്ഞത്. സംഭവത്തില്‍ നീതി നടപ്പാകുമെന്ന് ഉറപ്പു വരുത്തും. വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇതിനിടെ മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്നും വെടിയുണ്ട കൊണ്ട് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ വ്യാപകമായി നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇസ്രത്ത് ജഹാന്‍ കേസ്. അത് വ്യാജ ഏറ്റുമുട്ടലാണ് എന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു.

സ്വയരക്ഷക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പൂര്‍ണമായും തള്ളിയാണ് സിപിഐ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.

Top