കേന്ദ്രത്തിനെതിരെ പോർമുഖം തുറന്ന് കേരള സർക്കാർ, വിവരമറിയുമെന്ന് !

കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് സർക്കാർ ചീഫ് വിപ്പ് കെ.രാജൻ രംഗത്ത്.കേന്ദ്ര ഏജൻസികൾ കേരളത്തെ വേട്ടയാടാൻ ശ്രമിക്കുകയാണെന്നും,ഫെഡറൽ സംവിധാനത്തെ തകർത്ത് ഭരണഘടനാവിരുദ്ധമായി ഇടപെടാൻ ശ്രമിച്ചാൽ, ശക്തമായ ചെറുത്ത് നിൽപ്പ് കാണേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികൾക്ക് ആദ്യം പുകമറ സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നാൽ ഇപ്പോൾ ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള സർക്കാറിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല, അതിനാലാണ് അന്വേഷണത്തെ സ്വാഗതം ചെയ്തത്. എന്നാൽ, രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തി പ്രവർത്തിച്ചാൽ കേരളത്തിൻ്റെ പ്രതിഷേധം വരും ദിവസങ്ങളിൽ കാണേണ്ടി വരുമെന്നും രാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏറ്റവും വലിയ വിജയം കരസ്ഥമാക്കാൻ പോകുന്ന തിരഞ്ഞെടുപ്പായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പും തുടർന്ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

നാലര വർഷക്കാലമായി ഇടതുപക്ഷ സർക്കാർ ഉയർത്തി കൊണ്ടു വന്ന വികസന പരിപ്രേക്ഷ്യമായിരിക്കും ഈ തിരഞ്ഞെടുപ്പുകളിലെ പ്രധാന ചർച്ചാ വിഷയം. അത് ഇടതുപക്ഷ മുന്നണിക്ക് വലിയ നേട്ടമാണ് സമ്മാനിക്കാൻ പോകുന്നത്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഏതാണ്ടെല്ലാം നടപ്പാക്കുവാൻ ഇടതുപക്ഷ സർക്കാറിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. സാമൂഹിക പെൻഷൻ വർദ്ധിപ്പിച്ചു, ഭക്ഷ്യ വിതരണ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റവും നടത്തി. കാർഡുകളുടെ നിറവ്യത്യാസമില്ലാതെ, എല്ലാവർക്കും കിറ്റുകൾ മാസം തോറും ലഭ്യമാക്കി, ലൈഫ് മിഷൻ രണ്ട് ലക്ഷത്തിലേറെ കുടുംബങ്ങൾക്കാണ് ആശ്രയമായിരിക്കുന്നത്. കൃഷി രംഗത്ത് അത്ഭുതകരമായ മാറ്റമുണ്ടാക്കാനും ഈ കാലയളവിൽ കഴിഞ്ഞു.

ഇന്ത്യൻ ചരിത്രത്തിലാദ്യമായി കർഷക ക്ഷേമ ബോർഡ്, നെൽകർഷകർക്ക് റോയൽറ്റിയും നൽകി. തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിച്ചു, കോവിഡ്, പ്രളയ, കാലത്തെ സുഭിക്ഷ കേരളം ശ്രദ്ധേയമായ പദ്ധതിയായും മാറുകയുണ്ടായി., കേരളത്തെ നയിക്കുന്ന സ്ഥാപനമാക്കി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയതും ഇടത് സർക്കാറാണെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇടത് ചേരി ശക്തമാണ്, രാഷ്ട്രീയപരമായും വികസനപരമായും ഇടതുപക്ഷത്തിന് വ്യക്തമായ മേധാവിത്വമുണ്ട്. അത് തകർക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (അഭിമുഖത്തിൻ്റെ പൂർണ്ണരൂപം വീഡിയോയിൽ കാണാം )

Top