നവകേരള നിര്‍മ്മാണം: അന്താരാഷ്ട്ര വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുന:നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര വികസന സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെവലപ്പ്മെന്റ് പാര്‍ട്ട്നേഴ്സ് കോണ്‍ക്ലേവ് എന്ന പേരിലായിരിക്കും പരിപാടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുന:നിര്‍മ്മാണത്തിനായി രാജ്യാന്തര ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ മുന്നൊരുക്കമെന്ന നിലക്ക് ലോകബാങ്ക് ഇന്ത്യന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സംഘം ചര്‍ച്ച നടത്തി. കേരളം മുന്നോട്ട് വെക്കുന്ന പ്രളയാനന്തര വികസന നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ആ യോഗത്തില്‍ ചര്‍ച്ചയായി.

കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വികസന സംഗമത്തില്‍ അവതരിപ്പിച്ച് അതിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നേടിയെടുക്കാനാണ് പരിപാടിയില്‍ ലക്ഷ്യമിടുന്നത്. വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, കെ.ഫ്.ഡബ്ള്യൂ, ജെയ്ക്ക, ഫ്രെഞ്ച് ഡവലപ്പ്മെന്റ് ഏജന്‍സി, ജര്‍മന്‍ ഡവലപ്മെന്റ് ഏജന്‍സി, തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

Top