ശബരിമല; ഹൈക്കോടതിയിലെ കേസുകള്‍ സ്‌റ്റേ ചെയ്യണം, സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയിലെ കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 23 റിട്ട് ഹര്‍ജികളും സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധിയ്ക്ക് എതിരാണ് ഹൈക്കോടതിയിലെ കേസുകള്‍. ഭരണഘടനയുടെ 139 എ പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി.

അതേസമയം, ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ പിരിഞ്ഞിരുന്നു. ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ശബരിമല വിഷയത്തിലെ സമരം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. മുഖ്യമന്ത്രിക്ക് ആര്‍എസ്എസുമായി ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തലയും തിരിച്ചടിച്ചിരുന്നു.

Top