സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു; ഉത്തരവിനെതിരെ പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം തവണകളായി താത്കാലികമായി മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊലീസ് അസോസിയേഷന്‍. 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് പൊലീസ് അസോസിയേഷന്റെ ആവശ്യം.

ശമ്പളം പിടിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷനിലേക്കുള്ള റിക്കവറി നിര്‍ത്തിവയ്ക്കമെന്ന് പൊലീസ് സംഘടന ആവശ്യപ്പെട്ടു. ശമ്പളം പിടിക്കുന്ന മാസങ്ങളില്‍ പൊലീസുകാരുടെ പിഎഫ് ലോണ്‍ റിക്കവറിയും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അസോസിയേഷന്‍ കത്ത് നല്‍കി. കൊവിഡ് ചുമതലയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും വേതനം പിടിക്കരുതെന്ന ആവശ്യം ശക്തമാണ്.

എന്നാല്‍ സര്‍ക്കാര്‍ എല്ലാവരുടെയും വേതനം താത്കാലികമായി മാറ്റിവയ്ക്കുകയാണെന്നും ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കില്ലെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ മാസവും ആറ് ദിവസത്തെ വേതനമാണ് പിടിക്കുക. ഇത് പിന്നീട് തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top