ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം; കേന്ദ്രത്തോട് ശുപാര്‍ശയുമായി കേരളം

തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളത്തിന്റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ശുപാര്‍ശ. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചു.

ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍മാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോള്‍ ആണ് ഇക്കാര്യത്തില്‍ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും മാറ്റണമെന്ന ശുപാര്‍ശയെ പിന്തുണച്ചാണ് കത്തയച്ചത്. ചാന്‍സര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റണമെന്ന കമ്മീഷന്‍ ശുപാര്‍ശയെ പിന്താങ്ങിയ കേരളം സര്‍വകലാശാലകളിലെ നിയമനത്തെ ചൊല്ലി സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലെ ഉരസല്‍ ഒഴിവാക്കാന്‍ ശുപാര്‍ശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്.

 

Top