കേരളാസര്‍ക്കാര്‍ മാതൃക; പഞ്ചാബ് സര്‍ക്കാരും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി

കേരളാസര്‍ക്കാരിനെ മാതൃകയാക്കി, പഞ്ചാബ് സര്‍ക്കാരും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം നിയമസഭയില്‍ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്.

കേരളാസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയപ്പോള്‍ ദേശീയ തലത്തില്‍ തന്നെ അത് ചര്‍ച്ചാവിഷയമായിരുന്നു. മമത ബാനര്‍ജി പോലും പിണറായി സര്‍ക്കാരിന്റെ നടപടയില്‍ അന്തം വിട്ടുനിന്നു. നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ള പഞ്ചാബ്, നിയമസഭയില്‍ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കും ബൂസ്റ്റ് ആകും എന്നത് ഉറപ്പാണ്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യത്തില്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Top