സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കും. എന്നാല്‍ കമ്പനിയില്‍ 100 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ധനകാര്യ മന്ത്രിയും മാനേജിംഗ് ഡയറക്ടര്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയുമായിരിക്കും.

വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്. വിവിധതലത്തിലുളള നിയന്ത്രണം പെന്‍ഷന്‍ വിതരണത്തില്‍ അനിശ്ചിതത്വത്തിനും കാലതാമസത്തിനും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

പെന്‍ഷനുകള്‍ മൂന്നു മാസത്തില്‍ ഒരിക്കലോ ഉത്സവകാലങ്ങളിലോ ആണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉപജീവന സഹായം എന്ന നിലയ്ക്കുളള പെന്‍ഷനുകള്‍ കൃത്യമായി മാസാമാസം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപവത്കരിക്കുന്നത്.

Top