പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല

തിരുവനന്തപുരം: പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. ബാറുകളുടെ ഫീസിൽ വർധനയുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കില്ല. വലിയ മാറ്റങ്ങൾ മദ്യനയത്തിലുണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല. ഐടി വകുപ്പിന്റെ നിർദേശങ്ങള്‍ സ്വീകരിച്ചശേഷം സബ്ജക്ട് കമ്മിറ്റിയും വിഷയം ചർച്ച ചെയ്തു. ഐടി പാർക്കിലെ മദ്യവിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ ഫീസ് ഏർപ്പെടുത്താനായിരുന്നു മുൻപുള്ള ധാരണ. ഫീസിൽ ഇളവ് അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭായോഗം തീരുമാനിക്കും.

പ്രധാന ഐടി കമ്പനികളുടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലായിരിക്കും മദ്യവിതരണത്തിനുള്ള സ്ഥലം അനുവദിക്കുക. പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. ക്ലബ്ബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. നടത്തിപ്പിന്റെ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും. ബാറുകളുടെ ലൈസൻസ് ഫീസിൽ 5 ലക്ഷംരൂപ വർധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയ്ക്ക് തലേദിവസം മദ്യവിൽപ്പന കൂടുന്നതിനാൽ സർക്കാരിനും കാര്യമായ നഷ്ടമില്ല. മദ്യനയം തയാറായതായതായും ഉടൻ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തുമെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് മനോരമ ഓൺലൈനോട് പറഞ്ഞു.

Top