മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സബ് കളക്ടര്‍ ചുമതലയേറ്റു

കൊച്ചി : മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സബ് കളക്ടര്‍ ചുമതലയേറ്റു.

ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയില്‍ നിന്നു നീക്കി. ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് സ്‌നേഹില്‍ കുമാര്‍ പറഞ്ഞത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നത്.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും.

ഒഴിപ്പിക്കലിനെതിരെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നഷ്ടപരിഹാരത്തിനായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. തീരപരിപാലന നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അതിനാല്‍ മുഴുവന്‍ നിയമലംഘനങ്ങളും സുപ്രീംകോടതിയെ അറിയിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.

Top