സ്നേഹില്‍ കുമാറിന് ഫ്ളാറ്റ് പൊളിയ്ക്കലിന്റെ ചുമതല മാത്രം നല്‍കി സര്‍ക്കാര്‍

കൊച്ചി: മരട് നഗരസഭയിലെ പുതിയ സെക്രട്ടറി സ്നേഹില്‍ കുമാറിനെതിരെ ഭരണസമിതി രംഗത്തെത്തിയതിന് പിന്നാലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പുതിയ സെക്രട്ടറിയെ സര്‍ക്കാര്‍ നിയോഗിച്ചു.

മുന്‍സിപ്പല്‍ സെക്രട്ടറി ആരിഫ് ഖാനാണ് മരട് നഗരസഭയിലെ ഭരണകാര്യങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. സ്നേഹില്‍ കുമാര്‍ സിംഗ്, ഫ്ളാറ്റ് പൊളിയ്ക്കലിന്റെ ചുമതല മാത്രം നോക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ സെക്രട്ടറി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നഗരസഭാ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ പരാതി നല്‍കിയിരുന്നു.

ഫ്ളാറ്റ് പൊളിയ്ക്കലിനുള്ള ചുമതല മാത്രമേ തനിക്കുള്ളൂവെന്ന് ചൂണ്ടിക്കാണിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് സെക്രട്ടറി സ്നേഹില്‍ കുമാര്‍ ഐഎഎസ് വിട്ടു നിന്നിരുന്നു. സെക്രട്ടറി ഇല്ലാതെ യോഗം ചേരുന്നതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് അജണ്ടകള്‍ എടുക്കാതെ യോഗം നിര്‍ത്തിവെക്കേണ്ടിയും വന്നിരുന്നു.

നഗരസഭാ പ്രതിസന്ധിയുടെ ഉത്തരവാദി സര്‍ക്കാര്‍ ആണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ സര്‍ക്കാരിന് കത്ത് അയയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെട്ടത്.

Top