kerala government introduced new IT policy

തിരുവനന്തപുരം: നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും സ്മാര്‍ട്ടാക്കാന്‍ സംസ്ഥാനത്തെ പുതിയ ഐ.ടി.നയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

ഐ.ടി മേഖലയില്‍ രണ്ടരലക്ഷം പേര്‍ക്ക് തൊഴിലവസരം ലക്ഷ്യമിടുന്ന സംസ്ഥാനത്തെ പുതിയ ഐ.ടി.നയം .നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും സ്മാര്‍ട്ടാക്കാനും സര്‍ക്കാരും ജനങ്ങളുമായുള്ള പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങള്‍ വഴി വ്യാപകമാക്കാനും ലക്ഷ്യമിടുന്നു.

ചെറുകിട, ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിപണനകേന്ദ്രം തുറക്കും. പൊതുജനങ്ങള്‍ക്കുപയോഗിക്കാനുള്ള ആപ്ലിക്കേഷനുകള്‍ക്കായി കേരള ആപ് സ്റ്റോര്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി ഏകജാലക പോര്‍ട്ടല്‍ എന്നിവയും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ആധാര്‍നമ്പര്‍ ബന്ധിപ്പിക്കുമെങ്കിലും നമ്പര്‍ ഇല്ലാത്ത കാരണത്തില്‍ സേവനങ്ങള്‍ നിഷേധിക്കില്ല.

സൈബര്‍ സുരക്ഷ, സ്വകാര്യത, ഇന്‍ര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കും. സ്വതന്ത്ര ഓപ്പണ്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കും. വീട്ടമ്മമാരെക്കൂടി പങ്കെടുപ്പിച്ച് ഇലക്ട്രോണിക് ഉത്പന്നനിര്‍മാണം ആരംഭിക്കും. ഈരംഗത്ത് ആഗോള ഹബ്ബായി സംസ്ഥാനത്തെ മാറ്റും.

ഐ.ടി., വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സര്‍ക്കാര്‍ ഉപദേശക സമിതിയും നിര്‍ദേശിക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യാവ്യാപനത്തിനായി വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക ഉപദേശക സമിതിയും പ്രവര്‍ത്തിക്കും.

സമിതി തീരുമാനങ്ങള്‍ മന്ത്രിസഭാനുമതിയോടെ നടപ്പാക്കും. ഇ ഗവേണന്‍സ്, ഐ.ടി. പാര്‍ക്ക്, മാനവശേഷിവികസനം, അടിസ്ഥാനപശ്ചാത്തല വികസനം എന്നിങ്ങനെ ഐ.ടി. വകുപ്പിന് കീഴിലെ സ്ഥാപനങ്ങളെ പ്രധാന ഘടകങ്ങളായിക്കണ്ടാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുക.

പ്രധാന നിര്‍ദേശങ്ങള്‍:

*ആഗോള ഐ.ടി. സംരംഭകരെ സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കും. ഐ.ടി. പാര്‍ക്കുകളുടെ വികസനത്തിന് സഹകരണസ്ഥാപനങ്ങളുടെ കഴിവും പ്രവാസിനിക്ഷേപവും തേടും. ഒരു കോടി ചതുരശ്രയടി വിസ്തൃതിയിലേക്ക് പാര്‍ക്കിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും.

*ഐ.ടി. ചെറുകിട സംരംഭങ്ങളെ അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിക്കും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സമൂഹമാധ്യമങ്ങള്‍, മൊബിലിറ്റി, അനലറ്റിക്‌സ്, ക്ലൗഡ് ബന്ധിത സേവനങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും.

*ഇകൊമേഴ്‌സ്, എംകൊമേഴ്‌സ് എന്നിവയ്ക്കായി പ്രത്യേക നയങ്ങള്‍.

*സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അനുകൂല സാഹചര്യമൊരുക്കാന്‍ ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍. മികച്ച ആശയങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇന്നൊവേഷന്‍ ചാലഞ്ച് മത്സരം.

*സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ടെക്‌നോളജി ഹബ്ബുകള്‍.

*സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തും.

*സെക്രട്ടേറിയറ്റിലെ എല്ലാ ഫയല്‍ ഇടപാടുകള്‍ക്കും ഇലക്ട്രോണിക് സംവിധാനം.

മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിനായി ടൂളുകള്‍. ഈ രംഗത്തെ ഗവേഷണത്തിന് പ്രത്യേക ശ്രദ്ധ.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ ടെലിപ്രസന്‍സ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി ബന്ധിപ്പിക്കും.

*ഐ.ടി. അറ്റ് സ്‌കൂള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ഉന്നതപഠനത്തിനുള്ള സെന്ററുകളാക്കും. കെല്‍ട്രോണിന്റെ മേല്‍ക്കൈ വീണ്ടെടുക്കും.

*ഐ.ടി.യും ബയോ ടെക്‌നോളജിയും കൈകോര്‍ക്കുന്ന ഗവേഷണസ്ഥാപനങ്ങള്‍ തുറക്കും.

*വിജ്ഞാനാധിഷ്ഠിത വ്യവസായരംഗത്തേക്ക് പുതിയ നിക്ഷേപം ആകര്‍ഷിക്കും. ഈ രംഗത്തെ ആഗോളവന്‍കിട സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കും.

Top