Kerala government has to cut 156 corporation boards

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കോര്‍പ്പറേഷനുകളും ബോര്‍ഡുകളും പിരിച്ചുവിടാനും അവിടെ മുന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിയമിച്ചവരെയെല്ലാം പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ യു.ഡി.എഫ് ഭരണസമിതികള്‍ നിയമിച്ച 10,000ത്തോളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേറെ പണി നോക്കേണ്ടി വരും.

156 പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്കും ബോര്‍ഡിലേക്കും ഇടതുസര്‍ക്കാര്‍ പകരം നിയമനം നടത്തും. അഴിമതി ആരോപണങ്ങളുണ്ടായിരുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവാദ ഫയലുകള്‍ വിളിച്ചുവരുത്താനും അവ വിജിലന്‍സിനു കൈമാറാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടെ യു.ഡി.എഫിന്റെ ബോര്‍ഡ് ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും വിജിലന്‍സ് കേസുകളില്‍ കുടുങ്ങുമെന്നും ഉറപ്പായി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെയാണ് കോര്‍പ്പറേഷന്‍, ബോര്‍ഡുകളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി അനധികൃത നിയമനം നടത്തിയത്. അപ്രഖ്യാപിത നിയമനിരോധനം ഉണ്ടായിട്ടുംപോലും വന്‍തുക കോഴവാങ്ങിയും നിരവധി നിയമനങ്ങള്‍ നടത്തിയിരുന്നു. അങ്ങിനെ പണം നല്‍കി ജോലിയില്‍ കയറിയവരും കുടുങ്ങും. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴിയും സ്ഥിരം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുമാണ് ഇടതുസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Top