കേരള ടൂറിസത്തിനു അംബാസിഡര്‍മാരായി താരങ്ങള്‍;വ്യാജ പ്രചരണം തടയാനെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബ്രാന്‍ഡ് അംബാസഡര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

തീരുമാനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ പുതിയ ടൂറിസം നയത്തിന്റെ കരട് രൂപം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും.

താരങ്ങളുടെ സേവനം ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ തീരുമാനം. കേരളത്തിനെതിരായ വ്യാജ പ്രചാരണങ്ങള്‍ തടയാനാണ് ഇങ്ങനൊരു പദ്ധതി.

ടൂറിസം മേഖലയുടെ നിയന്ത്രണത്തിനു പ്രത്യേക അതോറിറ്റി രൂപവല്‍ക്കരണം, ടൂറിസം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പ്രോല്‍സാഹനം, ടൂറിസം പദ്ധതികള്‍ക്ക് ഏകജാലകസംവിധാനം, വഞ്ചിവീടുകളുടെ പ്രവര്‍ത്തനത്തിനു മാര്‍ഗരേഖ, ടൂറിസം കേന്ദ്രങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കരട് നയത്തിലെ നിര്‍ദേശങ്ങള്‍.

ഇതുമായി ബന്ധപ്പെട്ട് മുന്‍പ് പ്രസിദ്ധീകരിച്ച കരട് രൂപത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയിലെ സേവനങ്ങളുടെ നിലവാരം പരിശോധിച്ചു ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയ്ക്കു ക്ലാസിഫിക്കേഷന്‍ കൊണ്ടുവരാനും നയത്തില്‍ നിര്‍ദേശമുണ്ട്.

ടൂറിസമെന്ന വ്യാജേന നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു തടയിടാന്‍ വെബ്‌സൈറ്റുകള്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെയും ബോളിവുഡ് താരം ഷാരൂഖ് ഖാനെയും പ്രചാരകരാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിച്ചില്ല.

Top