ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

Kadakampally Surendran

തിരുവനന്തപുരം : ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. 2021ഓടുകൂടി കേരളം സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പ്രതിബദ്ധതയുള്ള ഭരണം കേരളത്തിന്റെ നാനാ മേഖലയിലും മാറ്റത്തിന്റെ വഴിയൊരുക്കുകയാണ്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഭരണത്തിന്റെ പ്രാവര്‍ത്തിക മാതൃകയാവുകയാണ് കേരളത്തിലെ ഓരോ വകുപ്പുകളും. ഇത്തരത്തിലൊരു മാറ്റത്തിന്റെ പുതിയ മാതൃകയാവുകയാണ് കേരളത്തിന്റെ ടൂറിസം വകുപ്പെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഭിന്നശേഷിക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള് സന്ദര്‍ശിക്കാനും ആസ്വദിക്കാനും അവസരമൊരുക്കണമെന്നത് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചപ്പോള്‍ തീരുമാനിച്ചതാണ്. ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൂറിസം നയത്തിലും ഇത് വ്യക്തമാക്കിയിരുന്നു. ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങളായി സംസ്ഥാനത്തെ 126 ടൂറിസം കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.

കേരളത്തിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളേയും മുഴുവൻ ടൂറിസം സ്ഥാപനങ്ങളേയും ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനും കേരളത്തിൽ ഉടനീളം ഭിന്നശേഷി സൗഹൃദ ടൂർ പാക്കേജുകൾ തയ്യാറാക്കുന്നതുമുള്ള ചുമതല ഉത്തരവാദിത്ത ടൂറിസം മിഷനെ ഏല്‍പ്പിച്ചിട്ടുണ്ട്.ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 27 ന് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നുണ്ട്.

“അതിരുകളില്ലാത്ത ആഹ്ളാദം” ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി 2021 ഓടെ കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാക്കി മാറ്റാനാണ് സംസ്ഥാന ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

Top