ഇടത് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ജനങ്ങളുമായി സംവദിക്കാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ നാളെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളുമായി സംവദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍.നാളെ വൈകുന്നേരം നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനു ശേഷമാകും ഇത്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഏതുമില്ലാതെയാണ് നാലാം വാര്‍ഷികം കടന്നുപോകുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാന്‍ ആലോചിക്കുന്നു. വാര്‍ത്താസമ്മേളനത്തിന് ശേഷമാകും സോഷ്യല്‍ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം.

എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ ചോദ്യങ്ങള്‍ ചോദിക്കാം.അതേ സമയം, സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

Top