പാലിയേറ്റീവ്‌ കെയർ നഴ്‌സുമാർക്ക്‌ 6130 രൂപ ശമ്പളവർധന നടപ്പാക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും. സംസ്ഥാനത്തെ 1200 പാലിയേറ്റീവ്‌ നഴ്സുമാർക്ക്‌ ആശ്വാസമാകുന്നതാണ്‌ തീരുമാനം. മറ്റു കരാർ ജീവനക്കാർക്ക്‌ നൽകുന്ന ഓണം ഉത്സവബത്ത തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ്‌ നഴ്‌സുമാർക്കും അനുവദിക്കാൻ ധനവകുപ്പിനോട്‌ ആവശ്യപ്പെടും.

ഓരോ തദ്ദേശസ്ഥാപനത്തിലും ശരാശരി 300 കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്‌. മാസത്തിൽ ചുരുങ്ങിയത്‌ 20 ദിവസമെങ്കിലും കിടപ്പുരോഗികൾക്ക്‌ സേവനം ലഭിക്കണമെന്നും വ്യവസ്ഥയുണ്ട്‌. മന്ത്രി എം ബി രാജേഷിന്റെ നിർദേശപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ– ഓർഡിനേഷൻ കമ്മിറ്റിയാണ്‌ ശമ്പള വർധന അംഗീകരിച്ചത്‌. ആവശ്യമുന്നയിച്ച്‌ പാലിയേറ്റീവ്‌ കെയർ നഴ്സസ്‌ ഫെഡറേഷൻ (സിഐടിയു) മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിസ്സാര ശമ്പളത്തിന്‌ ജോലിയെടുത്തിരുന്ന നഴ്സുമാരുടെ ശമ്പളം 18,390 രൂപയിലെത്തിച്ചത്‌ ഒന്നാം പിണറായി സർക്കാരാണ്‌. സമ്പൂർണ പാലിയേറ്റീവ്‌ കെയർ സംസ്ഥാനം എന്നതാണ്‌ ആർദ്രം മിഷൻ രണ്ടിന്റെ ലക്ഷ്യങ്ങളിലൊന്ന്.

സാമ്പത്തിക ഞെരുക്കത്തിലും അർഹതപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികളും നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനപദ്ധതികളും മുടങ്ങില്ലെന്ന്‌ ഉറപ്പാക്കി എൽഡിഎഫ്‌ സർക്കാർ. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യകപ്പൽ വിജയതീരം തൊട്ടതിനു പിന്നാലെ പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന നടപ്പാക്കിയും റബർ കർഷകർക്കുള്ള സബ്‌സിഡിക്കായി 42.57 കോടി രൂപ കൂടി അനുവദിച്ചും എൽഡിഎഫ്‌ സർക്കാർ പ്രതിജ്‌ഞാബദ്ധത ആവർത്തിച്ച്‌ പ്രഖ്യാപിച്ചു. അവകാശപ്പെട്ട സാമ്പത്തിക വിഹിതംപോലും വെട്ടിക്കുറച്ചും പദ്ധതിതുക പിടിച്ചുവെച്ചും കേന്ദ്രസർക്കാർ കേരളത്തോട്‌ തുടരുന്ന അവഗണനയ്‌ക്കും അതിനു കുടപിടിക്കുന്ന മാധ്യമ കുപ്രചാരണങ്ങൾക്കും കീഴടങ്ങില്ലെന്ന നിശ്‌ചയദാർഢ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്‌.

Top