മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു

കൊച്ചി : മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നാല് നിര്‍മ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളാണ് കേസിലെ പ്രതികള്‍.

നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് അറിയിച്ചു.

വെള്ളം, വൈദ്യുതി കണക്ഷനുകൾ വിഛേദിക്കാന്‍ കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും പൊലീസ് സഹായം തേടും. വെളളിയാഴ്ചക്കകം കണക്ഷൻ വിച്ഛേദിക്കാനാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.

Top