പ്രഖ്യാപനത്തിന് വിരുദ്ധമായി ആദ്യം പ്രവര്‍ത്തിച്ചത് ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ആവശ്യത്തിനായി കാറുകള്‍ വാടകയ്ക്ക് എടുക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതിന് പിന്നാലെ എട്ട് കാറുകള്‍ വാങ്ങി സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സര്‍ക്കാര്‍ എട്ട് പുതിയ കാറുകള്‍ വാങ്ങിയത്. ഏഴാം തീയതി അവതരിപ്പിച്ച ബജറ്റിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി കാറുകള്‍ വാങ്ങുന്നതിനു പകരം വാടകയ്‌ക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇലക്ട്രിക്ക് കാറുകള്‍ വാടകയ്ക്ക് എടുത്താല്‍ 1000 വണ്ടിക്ക് 7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, എട്ടു കാറുകള്‍ വാങ്ങാന്‍ ബജറ്റിനു മുന്‍പു തന്നെ തീരുമാനിച്ചിരുന്നതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ബജറ്റിനോടൊപ്പം നിയമസഭയില്‍ വച്ച ഉപധനാഭ്യര്‍ഥനയിലാണ് ഡല്‍ഹിയിലെ കേരള ഹൗസിലടക്കം എട്ടു വാഹനങ്ങള്‍ വാങ്ങുന്ന കാര്യം പറയുന്നത്. വാഹനങ്ങള്‍ക്കെല്ലാം ടോക്കണ്‍ തുകയാണ് അനുവദിച്ചത്. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.

സെയില്‍ ടാക്സ് കമ്മിഷണര്‍, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (പിഡബ്ല്യുഡി കോട്ടയം), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എന്‍വെയണ്‍മെന്റ് വകുപ്പ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍, ഇന്‍ഡസ്ട്രിയല്‍ ട്രൈബൂണല്‍ (ആലപ്പുഴ), എല്‍എസ്ജിഡി ഓംബുഡ്സ്മാന്‍, കേരള ഹൗസ് എന്നിവര്‍ക്കായാണ് വാഹനങ്ങള്‍ വാങ്ങുന്നത്.
ഇതു കൂടാതെ കേരള ഹൗസിലേക്കായി എട്ടു വാഹനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

Top