പിണറായി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറി ; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല. അഴിമതിയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ ഓഫീസ് നിയന്ത്രിക്കാനാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. ഇടതു മുന്നണി യോഗം പോലും കൂടാന്‍ സാധിക്കുന്നില്ല. ഘടകക്ഷികള്‍ക്കു പോലും സര്‍ക്കാരിനെ വിശ്വാസമില്ല. സര്‍ക്കാരിനെതിരായ പ്രക്ഷോഭം യുഡിഎഫ് ശക്തിപ്പെടുത്തും. യുഡിഎഫ് ‘സ്പീക് അപ് കേരള’ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സിഎന്‍ജി അഴിമതികേസില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറായില്ല. ഡിജിപിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്താലുള്ള അഴിമതിയാണിതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top