കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇ

അബുദാബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക്ക് പരിരക്ഷ പാഴ്സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു.

ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എത്തിയിരിക്കുന്നത് ഡിപ്ലോമാറ്റിക്ക് ബാഗേജ് അല്ല. നയതന്ത്ര ബാഗ് പായ്ക്ക് ചെയ്യേണ്ടത് അടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണ്. ഏതൊക്കെ ആളുകള്‍ക്ക് എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നത് അടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട്.

തിരുവനന്തപുരത്തെ യു.എ.ഇ. കൊണ്ടസുലേറ്റിന്റെ വിലാസത്തിലേക്കാണ് കള്ളകടത്ത് സ്വര്‍ണം എത്തിയത്. എന്നാല്‍ ഇത് യു.എ.ഇയുടെ സര്‍ക്കാര്‍ സംവിധാനം ഇടപെട്ട് അയച്ചതല്ല. ദുബായില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണം അയക്കാം. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്ന കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

വിഷയത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതായും യുഎഇ അംബാസിഡര്‍ അറിയിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും യുഎഇ അറിയിച്ചു.

Top