ബിനീഷ് കോടിയേരിക്ക് ക്ലീന്‍ചിറ്റ് ഇല്ല; ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി

കൊച്ചി: ബിനീഷ് കോടിയേരിക്ക് ക്ലീന്‍ചിറ്റ് നല്‍കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മറുപടികള്‍ പരിശോധിക്കാതെ ക്ലീന്‍ചിറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇഡി. നയതന്ത്ര പാഴ്‌സലിലെ സ്വര്‍ണ്ണക്കടത്തു കമ്മീഷന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിക്കാരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിക്കാണ് അവസാനിച്ചത്. സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ക്കു പുറമെ ബെംഗളൂരു ലഹരിക്കടത്തു കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
ഇഡിയുടെ നോട്ടിസ് ലഭിച്ച ബിനീഷ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തിങ്കളാഴ്ച വരെ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇന്നലെ രാവിലെ 11ന് ഹാജരാകാനാണു നിര്‍ദേശിച്ചതെങ്കിലും 9 കഴിഞ്ഞപ്പോഴേക്കും ബിനീഷ് ഓഫിസിലെത്തി. അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇഡി കൊച്ചി യൂണിറ്റിന്റെ ചുമതലയുള്ള ചെന്നൈയിലെ ജോയിന്റ് ഡയറക്ടര്‍ കെ.ജയഗണേഷിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം ബിനീഷിനെ അറിയിച്ചു.

Top