സ്വര്‍ണവില തിരിച്ചുകയറി; വീണ്ടും 44,000ലേക്ക്

കൊച്ചി:സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഇന്നലെ 640 രൂപ ഇടിഞ്ഞ സ്വർണവില ഇന്ന് 480 രൂപയാണ് തിരിച്ചുകയറിയത്. 43,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് ഉയർന്നത്. 5480 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 40,720 രൂപയായാണ് സ്വർണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പടിപടിയായി ഉയർന്ന് 44,000 കടന്ന് സ്വർണവില സർവ്വകാല റെക്കോർഡിട്ടു.

എട്ടുദിവസത്തിനിടെ 3500 രൂപ വർധിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് വില 44,000ൽ താഴെയെത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തിയതാണ് വില ഉയരാൻ കാരണം.

Top