നാല് ടീമുകളെ ഉള്‍പ്പെടുത്തി പ്രീ സീസണ്‍ ടൂര്‍ണമെന്റിന് കെഎഫ്എ ശ്രമം

കൊച്ചി: നാല് ടീമുകളെ ഉള്‍പ്പെടുത്തി പ്രീ സീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ (കെഎഫ്എ) ശ്രമം. കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യുറാന്‍ഡ് കപ്പ് ജേതാക്കളായ ഗോകുലം കേരള എഫ്‌സി, ഐ ലീഗ് ജേതാക്കളായ ചെന്നൈ സിറ്റി എഫ്‌സി, കേരള ഇലവന്‍ എന്നിവയെ പങ്കെടുപ്പിക്കാനാണു ശ്രമിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീ സീസണ്‍ പര്യടനം റദ്ദാക്കി തിരിച്ചുവന്ന സാഹചര്യത്തിലാണ് ആലോചനകള്‍ സജീവമായത്. ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണിനായി തുര്‍ക്കിയിലേക്കു പോകാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ വിദേശത്ത് ഇനിയൊരു പ്രീ സീസണ്‍ ഇക്കുറി സാധ്യമല്ലെന്ന തിരിച്ചറിവില്‍ അത്തരം ആലോചനകള്‍ ഉപേക്ഷിച്ചതോടെ കേരളത്തിലൊരു ടൂര്‍ണമെന്റിനു സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

നാല് ടീമുള്ള ടൂര്‍ണമെന്റ് ലീഗ് അടിസ്ഥാനത്തില്‍ നടത്തിയാല്‍ ഓരോ ടീമിനും മൂന്ന് മല്‍സരങ്ങള്‍ വീതമുണ്ടാകും. ഐഎസ്എല്‍ ഐ ലീഗ് സീസണിനു മുന്‍പ് നിലവിലുള്ള സാഹചര്യങ്ങളില്‍ മോശമല്ലാത്ത മല്‍സരപരിചയത്തിനും ഇത് സഹായകമാകും.

മോഹന്‍ ബഗാനെ കൊല്‍ക്കത്തയിലെ ഫൈനലില്‍ വീഴ്ത്തിയ ഗോകുലം ഉജ്വലഫോമിലാണ്. ഐ ലീഗിലെ പോയ സീസണ്‍ ജേതാക്കളാണു ചെന്നൈ സിറ്റി എഫ്‌സി. ഒക്ടോബര്‍ അവസാനവാരം ആരംഭിക്കുമെന്നു കരുതുന്ന സന്തോഷ് ട്രോഫി പ്രാഥമിക ഘട്ടത്തിന് ഒരുങ്ങുന്ന കേരള ക്യാംപില്‍നിന്നാവും കേരള ഇലവനെ തിരഞ്ഞെടുക്കുക.

അഞ്ചാം സീസണിലെ മുഴുവന്‍ വിദേശതാരങ്ങളെയും മാറ്റിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലും മധ്യത്തിലും മുന്‍നിരയിലും പുത്തന്‍ ടീമാണ്. ഈ ടീമുകള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ കാണികള്‍ക്കും പുത്തന്‍ അനുഭവമായി തീരും. ബ്ലാസ്റ്റേഴ്‌സ് ഒഴികെയുള്ള ടീമുകളുടെ പങ്കാളിത്തം ഇതിനോടകെ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കൂടി സമ്മതം അറിയിച്ചാല്‍ മല്‍സരക്രമം നിശ്ചയിക്കാനുള്ള ശ്രമത്തിലാണു കെഎഫ്എ.

Top