പ്രളയത്തെ തോൽപ്പിച്ച് കരകയറുന്ന കേരളം, ഇനി പരിസ്ഥിതി സംരക്ഷണം പ്രധാന ചർച്ച

കേരളത്തിലെ പ്രളയക്കെടുതികളുടെ വ്യാപ്തി കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും സമയമെടുത്തേക്കും. നമ്മുടെ സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിപ്പോയി എന്ന് തന്നെ പറയേണ്ടി വരും. പക്ഷേ, കൂട്ടായ, നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഇനി ഒരു പരിധിവരെ നമ്മളെ കരകയറ്റി. ഔപചാരികതകള്‍ക്ക് കാത്തു നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനങ്ങളിലേയ്ക്ക് മുങ്ങാംകുഴിയിട്ട മലയാളി എത്ര പ്രശംസിച്ചാലും മതിയാകില്ല.

എന്നാല്‍ അതിനൊക്കെ മുന്‍പ് നമ്മള്‍ മറന്ന് പോയ ചില റിപ്പോര്‍ട്ടുകളുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും. ആ ഫയലുകളെല്ലാം പൊടിതട്ടിയെടുക്കേണ്ട സമയമായിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രളയം. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് എങ്ങിനെയാണെന്ന് അക്കമിട്ട് വിവരിക്കുന്ന റിപ്പോര്‍ട്ടാണ് പൂനെയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. കെ കസ്തൂരി രംഗന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും ഒരു വട്ടം കൂടി നമ്മള്‍ വായിച്ചു നോക്കണം. ഈ പ്രളയത്തിന്റെ നനവുണങ്ങും മുന്‍പേ..

2010ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ് കൊടഗിരിയില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. പശ്ചിമഘട്ട സംരക്ഷകര്‍ നടത്തിയ വലിയ സെമിനാറുകളും ബോധവല്‍ക്കരണങ്ങളും ഉള്‍പ്പെട്ടതായിരുന്നു യോഗം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരായിരുന്നു യോഗത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്.

madhav gadgil with students

മനുഷ്യന്റെ അമിത കടന്നുകയറ്റം മൂലം പശ്ചിമഘട്ടത്തിനുണ്ടായ പ്രശ്‌നങ്ങള്‍, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകള്‍, ഭാവി, തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്തു. ഇവിടുത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രി കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ ഗാഡ്ഗില്‍ കമ്മറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. 1500 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ വിശദമായ പഠനങ്ങളായിരുന്നു ലക്ഷ്യം. വിശാലമായ പരിസ്ഥിതി സമ്പത്ത് സംരക്ഷിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും കമ്മറ്റി മുന്നോട്ട് വച്ചു.

1,29,037 ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്നതാണ് പശ്ചിമട്ടം. വടക്ക് നിന്ന് തെക്കോട്ട് 1490 കിലോമീറ്റര്‍ നീളത്തിലും തമിഴ്‌നാട്ടില്‍ 210 കിലോമീറ്റര്‍ വീതിയിലും മഹാരാഷ്ട്രയില്‍ 48 കിലോമീറ്റര്‍ വീതിയിലും പരന്നു കിടക്കുന്ന പ്രദേശത്തെ ഗാഡ്ഗില്‍ പരിസ്ഥിതി ലോലപ്രദേശമായി പരിഗണിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളെ തന്നെ അവയുടെ ആവാസ വ്യലസ്ഥയുടെ അടിസ്ഥാനത്തില്‍ 1,2,3 സോണുകളായി തിരിച്ചു. 1, 2 സോണുകളിലുള്ള പ്രദേശത്തെ 9കിലോമീറ്റര്‍ വീതിയും 9കിലോമീറ്റര്‍ വീതിയും ഉള്ള 2,200 ഗ്രിഡുകളാക്കി തിരിച്ച് പഠനം നടത്തി. ഈ പ്രദേശങ്ങളാണ് നിലവില്‍ പരിസ്ഥിതി പാര്‍ക്കുകളായെല്ലാം സംരക്ഷിച്ച് പോരുന്നത്.

ഗാഡ്കില്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍

.ജനിതക മാറ്റം വരുത്തിയ കൃഷിരീതി പ്രദേശത്ത് നിരോധിക്കുക
.പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക
.പുതിയ പ്രത്യേക സാമ്പത്തിക മേഖലകളോ ഹില്‍ സ്‌റ്റേഷനുകളോ അനുവദിക്കരുത്
.പൊതു സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിലും 1,2 പരിസ്ഥിതി ലോല മേഖലകളിലെ വനമേഖല
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും നിരോധനം.
.1,2 മേഖലകളിലെ ഖനനത്തിന് നിരോധനം.
.പുതിയ ഡാമുകള്‍ അനുവദിക്കില്ല.
. 1 പ്രദേശത്ത് താപവൈദ്യുത പ്ലാന്റുകള്‍ക്കും വന്‍കിട കാറ്റാടിപ്പാടങ്ങള്‍ക്കും പുതുതായി അനുമതി ഉണ്ടാകില്ല.
.പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങള്‍ ഒന്നും അനുവദിക്കില്ല.
.1,2 സോണുകളില്‍ പുതിയ റെയില്‍വേ പാളങ്ങളും ഉണ്ടാകില്ല.
.ടൂറിസത്തിന്റെ നിയന്ത്രണം.
.രാസ കീടനാശിനി പ്രയോഗങ്ങള്‍ അടുത്ത അഞ്ച് മുതല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുക.
ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാന്‍ പശ്ചിമ ഘട്ട കമ്മറ്റി വേണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

flood

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇവയെല്ലാം. എന്നാല്‍ അവരാരും തന്നെ നിര്‍ദ്ദേശങ്ങള്‍ വകവെച്ചില്ല. 2011 ആഗസ്റ്റിലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. നിരവധി പ്രതികരണങ്ങള്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഉണ്ടായി. 2012 ആഗസ്റ്റില്‍ പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും പ്രതികരണങ്ങളും ഉള്‍പ്പെടുത്തി വിഷയം വീണ്ടും പഠിക്കാന്‍ കസ്തൂരിരംഗനെ ഏല്‍പ്പിച്ചു. പുതിയ കമ്മറ്റിയും 2013 ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1750 പ്രതികരണങ്ങള്‍ പരിശോധിച്ച കസ്തൂരി രംഗന്‍ അതില്‍ 81 ശതമാനവും ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തി. ക്വാറി നിര്‍മ്മാണം, ഖനനാനുമതി നിഷേധം, പുതിയ ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള നിരോധനം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളുടെ നിരോധനം തുടങ്ങി ‘വികസനത്തിന്’ എതിരായ എല്ലാ നിര്‍ദ്ദേശങ്ങളും കേരളം അതി ശക്തമായി എതിര്‍ത്തു.

പശ്ചിമഘട്ടത്തിന്റെ വലുപ്പം കസ്തൂരി രംഗന്‍ 1,64,280 കിലോമീറ്ററായാണ് പരിഗണിച്ചത്. ഇതിനെ സാംസ്‌കാരിക പ്രകൃതി, പ്രകൃതിദത്ത ഭൂപ്രകൃതി എന്നിങ്ങനെ തരംതിരിച്ചു. പശ്ചിമഘട്ടത്തിന്റെ 60ശതമാനവും സാംസ്‌കാരിക ഭൂപ്രകൃതിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനുഷ്യവാസമുള്ള, കൃഷിഭൂമിയുള്ള പ്രദേശമാണിത്. ബാക്കി 37ശതമാനമാണ് ജീവസമ്പത്തുള്ള പ്രദേശം. ഇത് 60,000 കിലോമീറ്റര്‍ വരും. ഈ പ്രദേശത്തെ മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി കസ്തൂരിരംഗന്‍ കണക്കാക്കുന്നത്.

Kerala floods, Western Ghats \

കസ്തൂരിരംഗന്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍

. ഖനനവും ക്വാറികളും നിര്‍ത്തലാക്കുക.
.പുതിയ താപ വൈദ്യുത പദ്ധതികളും ജലവൈദ്യുത പദ്ധതികളും ഉപാധികളോടെ അനുവദിക്കാം.
.മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങള്‍ക്ക് നിരോധനം.
.20,000 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിട പദ്ധതികള്‍ അനുവദിക്കാം, എന്നാല്‍ ടൗണ്‍ഷിപ്പുകള്‍ നിരോധിക്കണം.
.വനമേഖല മറ്റ് കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുവദിക്കാം.

ഈ റിപ്പോര്‍ട്ട് വന്ന് ഒരു വര്‍ഷത്തിന് ശേഷം പരിസ്ഥിതി മന്ത്രാലയം 56,285 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചു. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത് 59,940 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു.

കേരളത്തില്‍ കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത് 13,108 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതിലോല പ്രദേശമാക്കണമെന്നാണ്. എന്നാല്‍ കേരളസര്‍ക്കാരിന്റെ ഇടപെടലില്‍ ഇത് 9,993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു.

ഉത്തരാഖണ്ഡിലെ അനധികൃത നിര്‍മ്മാണങ്ങള്‍ അനിയന്ത്രിതമായതാണ് വലിയ പ്രളയത്തിന് കാരണമായത്. അത് തന്നെയാണ് കേരളത്തിന്റെയും അവസ്ഥ. ഇനിയും ഈ റിപ്പോര്‍ട്ടുകളോട് മുഖം തിരിച്ചാല്‍ കേരളം തന്നെ ഇല്ലാതായേക്കാം.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top