പ്രളയം ബാധിച്ചത് റബര്‍ ഉത്പാദനത്തെയും; കൂടുതല്‍ ബാധിക്കുന്നത് ടയര്‍ കമ്പനികളെ

കോട്ടയം: പ്രളയം മൂലം റബര്‍ ഉത്പാദനം ഗണ്യമായി കുറയുമെന്ന് സൂചന. അതുകൊണ്ട് വില ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ ഉത്പാദനം കുറയുന്നത് ഇറക്കുമതി കൂട്ടുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ഉത്പാദനം ഗണ്യമായി താഴുകയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലത്ത് റബര്‍ ഉത്പാദനം 12 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലത്ത് റബര്‍ ഉത്പാദനം 14 ശതമാനം കൂടിയിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നതെന്നാണ് അവര്‍ ചൂണ്ടികാണിക്കുന്നത്.

റബര്‍ ഇറക്കുമതി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 25 ശതമാനം കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടായ പ്രളയം റബര്‍ കൃഷി മേഖലയെ തകര്‍ത്തെറിഞ്ഞ സാഹചര്യത്തില്‍ ഇറക്കുമതി കാര്യമായി കൂട്ടുന്നതിന് സാധ്യതയുണ്ട്. റബര്‍ മേഖലയില്‍ മാത്രം പ്രളയം മൂലം ഉണ്ടായ ഉത്പാദന നഷ്ടം 420 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ടയര്‍ ഉല്പാദിപ്പിക്കുന്ന കമ്പനികളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ റബര്‍ വിലയില്‍ നേരിയ തോതില്‍ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു.

Top