പ്രളയം ; ദളപതി എവിടെ ? തമിഴകത്ത് വന്‍ വിവാദം, ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന്

ചെന്നൈ: കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതി തമിഴകത്ത് പുതിയ ‘വിവാദം’ സൃഷ്ടിക്കുന്നു.

മലയാള മക്കളെ സഹായിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് മുതല്‍ നയന്‍താര വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തപ്പോള്‍ ദളപതി വിജയ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മുന്‍പ് നീറ്റ് പ്രവേശന പരീക്ഷ വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പോയി സഹായ ധനം നല്‍കിയ വിജയ് അടുത്തയിടെ തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും രഹസ്യമായി പോയി സഹായ ധനം നല്‍കിയിരുന്നു.

മോട്ടോര്‍ ബൈക്കിന് പിന്നിലിരുന്ന് അര്‍ദ്ധരാത്രിയില്‍ വിജയ് നടത്തിയ ഈ സന്ദര്‍ശനം ബാധിക്കപ്പെട്ട ഒരു വീട്ടിലെ യുവാവ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. വൈറലായ ഈ വീഡിയോ കണ്ട നിരവധി പ്രമുഖര്‍ പിന്നീട് താരത്തെ പ്രശംസിച്ച് രംഗത്തു വരികയുമുണ്ടായി.

സിനിമയിലെ സസ്‌പെന്‍സ് പോലെ സഹായ കാര്യങ്ങളിലും സസ്‌പെന്‍സ് പിന്തുടരുന്ന ദളപതി വിജയ് കേരളത്തിലും എത്തി സഹായധനം കൈമാറുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

vijay_politics2

അതേസമയം വിജയ് സഹായ ധനം പ്രഖ്യാപിക്കാന്‍ വൈകിയെങ്കിലും അദ്ദേഹത്തിന്റെ ഫാന്‍സ് ഇപ്പോള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്.

തമിഴകം കഴിഞ്ഞാല്‍ ദളപതിക്ക് ഏറ്റവും അധികം ആരാധകര്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്ന സമയങ്ങളില്‍ പോലും വിജയ് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശന വിജയം നേടാറുണ്ട്.

പുതിയ സിനിമ ‘സര്‍ക്കാറി’ന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനായി വിദേശത്തായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

കരുണാനിധി മരിച്ചപ്പോള്‍ പോലും അദ്ദേഹത്തിന് തമിഴകത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയവും ഉണ്ടായത്.

സിനിമാരംഗത്ത് നിന്നും ആദ്യമായി കേരളത്തിന് സഹായധനം പ്രഖ്യാപിച്ചത് തമിഴ് യുവ താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയുമാണ്. തൊട്ട് പിന്നാലെ കമല്‍ ഹാസന്‍, രജനീകാന്ത്, വിശാല്‍, ധനുഷ്, ശിവ കാര്‍ത്തികേയന്‍, സിദ്ധാര്‍ത്ഥ്, നയന്‍താര, അമല പോള്‍ തുടങ്ങി നിരവധി താരങ്ങളും സഹായം പ്രഖ്യാപിച്ചു.

തെലുങ്ക് സൂപ്പര്‍ താരങ്ങളായ പ്രഭാസ്, രാം ചരണ്‍, അദ്ദേഹത്തിന്റെ ഭാര്യ, യുവതാരം അല്ലു അര്‍ജ്ജുനും, വിജയ് ദേവരകൊണ്ടയും വലിയ സഹായമാണ് നല്‍കിയിരുന്നത്.

heavy rain fall in kerala

നിരവധി തെന്നിന്ത്യന്‍, ബോളിവുഡ് താരങ്ങള്‍ സഹായധനം പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ദളപതി എന്ത് കൊണ്ട് ഒന്നും ചെയ്യുന്നില്ല എന്നതാണ് ഇപ്പോള്‍ തമിഴകത്തെ ചൂടുള്ള ചര്‍ച്ച.

വിമര്‍ശനങ്ങള്‍ക്ക് ‘ലേറ്റായാലും ലേറ്റസ്റ്റായി’ ദളപതി എത്തുമെന്ന മറുപടിയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ നല്‍കുന്നത്.

സിനിമാ താരങ്ങള്‍ക്കു പുറമെ തമിഴകത്ത് നിന്നും സര്‍ക്കാറും വിവിധ ചാനലുകളും കോടികളുടെ ധനസഹായം ഇതിനകം തന്നെ കേരളത്തിന് നല്‍കിയിട്ടുണ്ട്.

സിനിമാ മേഖലയില്‍ നിന്നും ഇനിയും കൂടുതല്‍ സഹായങ്ങള്‍ വരും ദിവസങ്ങളില്‍ തമിഴകത്ത് നിന്നും ഉണ്ടാകുമെന്നാണ് അറിയുന്നത്.

റിപ്പോര്‍ട്ട്: ടി. അരുണ്‍കുമാര്‍

Top