കുട്ടനാടിനെ വീണ്ടെടുക്കാന്‍ . . മഹാശുചീകരണ യജ്ഞം രണ്ടാം ദിനത്തിലേക്ക് !

ആലപ്പുഴ: പ്രളയം വിഴുങ്ങിയ കുട്ടനാടിന്റെ പുനരധിവാസത്തിനുള്ള മഹാശുചീകരണ യജ്ഞം രണ്ടാം ദിനത്തിലേക്ക്. കുട്ടനാട്ടുകാരും വിവിധ ജില്ലകളില്‍ നിന്നെത്തിയ വാളന്റിയര്‍മാരുമടക്കം ഒരു ലക്ഷത്തോളം പേരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസ കാമ്പയിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ദിവസമായ ഇന്നത്തോടെ കുട്ടനാടിന്റെ പുനരുജ്ജീവനമാണ് ജില്ലാഭരണകൂടം ലക്ഷ്യമിടുന്നത്.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞും വിവിധ ജില്ലകളില്‍ നിന്ന് 20,000 ത്തോളം’ പേരാണ് കുട്ടനാട് ശുചീകരണ യഞ്ജത്തിന്റെ ആദ്യദിനത്തില്‍ കണ്ണികളായത്. ഇന്നും അര ലക്ഷത്തിലധികം പേര്‍ ശുചീകരണത്തിനായി കുട്ടനാട്ടിലെത്തും. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവരും ഇന്ന് ശുചീകരണ പ്രക്രിയകളില്‍ പങ്കാളികളാകും.

പരമാവധി കുട്ടനാട്ടുകാരെ 31 ഓടെ വീടുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഹാശുചീകരണം നടത്തുന്നത്. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളാണ് ഇന്നും നാളെയുമായി നടക്കുന്ന മഹാശുചീകരണത്തിലൂടെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നത്.

22 ടോറസ് ലോറികള്‍, 38 ബസുകള്‍, മോട്ടോര്‍ ബോട്ടുകള്‍, കെട്ടുവള്ളങ്ങള്‍, ജങ്കാറുകള്‍ എന്നിവയാണ് ശുചീകരത്തിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം കൈനകരി, പുളിങ്കുന്ന്, നെഹ്റുട്രോഫി മേഖലകളിലെ വീടുകളില്‍ നിന്ന് ഇപ്പോഴും വെള്ളമിറങ്ങാത്തത് അശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Top