ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റില്‍ ‘നാടന്‍ ബീഫ് കറി’ ഉണ്ടാക്കുന്ന വിധം!!!

തിരുവന്തപുരം: അഖിലഭാരത ഹിന്ദുമഹാസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബീഫ് കറി ഉണ്ടാക്കുന്ന പാചകക്കുറിപ്പ് പോസ്റ്റ് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് ഇതിനു പിന്നില്‍.

ഹിന്ദുമഹാസഭാ നേതാവ് ചക്രപാണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സൈബര്‍ വാരിയേഴ്‌സിന്റെ നീക്കം. കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്ന ആളുകളില്‍ ബീഫ് കഴിക്കാത്തവരെ മാത്രം രക്ഷപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ചക്രപാണിയുടെ പരാമര്‍ശം.

‘ചക്രപാണി സൈക്കോ, സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്. അല്ലാതെ ഭക്ഷണ ശീലത്തിന്റെ പേരിലല്ല’ എന്ന സന്ദേശവും ഹോം പേജില്‍ സൈബര്‍ വാരിയേഴ്‌സ് എഴുതിച്ചേര്‍ത്തു.

കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് പ്രളയം. ഞാനും കേരളത്തെ സഹായിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു. എന്നാല്‍ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ അവര്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നുവെന്നും ചക്രപാണി പറഞ്ഞിരുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായത്.

Top