കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും

നിലമ്പൂര്‍ : ഉരുള്‍പൊട്ടല്‍ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിലെ 13 പേര്‍ക്കും വയനാട്ടിലെ പുത്തുമലയിലെ അഞ്ച് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.

കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്താനായി. ആകെ 59 പേരിൽ ഇനി 13 പേർക്കായാണ് ഊർജ്ജിതമായ തെരച്ചിൽ തുടരുന്നത്. ഇന്നലെ അനുകൂലമായ കാലാവസ്ഥയായിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ.

പുത്തുമലയില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.

രണ്ട് മൃതദേഹങ്ങള്‍ ലഭിച്ച സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികില്‍ ഇന്നും തെരെച്ചില്‍ നടക്കും. മൃതദേഹങ്ങള്‍ ഒഴുകിപ്പോവാനുള്ള സാധ്യത കണക്കിലെടുത്താണിത്.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച രണ്ട് മൃതദേഹങ്ങളും ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലത്തു നിന്ന് 7കിലോമീറ്ററോളം അകലെയായിരുന്നു.

റഡാര്‍ സംവിധാനം ദുരന്തം നടന്ന സ്ഥലത്തും ഇന്ന് പരിശോധന നടത്തും.ആറുപേരടങ്ങുന്ന ശാസ്ത്ര സംഘത്തിന്റെ നേതൃത്വത്തിലാണു ഇത് നടക്കുന്നത്.

Top