മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു; വെള്ളം ഇറങ്ങിത്തുടങ്ങി, 15 ക്യാമ്പുകള്‍ അവസാനിപ്പിച്ചു

കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ കാലവര്‍ഷക്കെടുതിയില്‍ നിന്ന് അല്‍പ്പം ആശ്വാസം നേടി മധ്യ കേരളം. മധ്യ കേരളത്തില്‍ പലയിടത്തും വെള്ളം ഇറങ്ങിയതായി റിപ്പോര്‍ട്ട്. മഴയുടെ അളവ് കുറഞ്ഞതും ഡാമുകളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും പലയിടത്തും വെള്ളം ഇറങ്ങാനുള്ള കാരണമായി.

ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. എറണാകുളം ജില്ലയില്‍ ഇന്ന് ആകെ 15 ക്യാമ്പുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. തുറന്നുവിട്ട പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതാണ് മധ്യകേരളത്തിന് ആശ്വാസമായത്. മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത് തുടങ്ങിയ അണക്കെട്ടുകളുടെയെല്ലാം ജലനിരപ്പില്‍ നേരയ തോതിലെങ്കിലും കുറവുണ്ടായി.

പെരിയാര്‍, ചാലക്കുടിപ്പുഴ, മൂവാറ്റുപുഴയാര്‍ എന്നീ നദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. കടുത്ത വെള്ളപ്പൊക്കമുണ്ടായ മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് കുറഞ്ഞു. കോതമംഗലത്ത് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ പ്രവര്‍ത്തനം പുന:രാരംഭിക്കും.

കടുത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് ഉണ്ടായിരുന്ന എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടെ മധ്യകേരളത്തിലെ ജില്ലകളിലെല്ലാം നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഈ ജില്ലകളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Top