പകര്‍ച്ചവ്യാധികള്‍ തടയാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം: ആരോഗ്യമന്ത്രി

kk shylaja

തിരുവനന്തപുരം: മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രളയത്തിനു പുറമേ പകര്‍ച്ചവ്യാധി ദുരന്തം കൂടി സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലെടുക്കണം. എലിപ്പനി വരാതിരിക്കാന്‍ പ്രത്യക കരുതല്‍ വേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വേണ്ട മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച്വണ്‍ എന്‍1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നു. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്യാമ്പുകളില്‍ പാനീയ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.

പ്രളയ ജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ കഴിക്കണം. എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന രോഗികള്‍ക്ക് മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിനുള്ള അടിയന്തര മാര്‍ഗ നിര്‍ദേശവും മരുന്നുകളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. നവജാതശിശുക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു. പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top