വിമര്‍ശകരുടെ വായമൂടിക്കെട്ടി ഇളയദളപതി ! കേരളത്തിനായി വിജയ് നല്‍കിയത് 70 ലക്ഷം

vijay

ചെന്നൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ് സൂപ്പര്‍താരം വിജയും രംഗത്ത്. എഴുപത് ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കായി നല്‍കുന്നതെന്ന് തമിഴ് വാര്‍ത്താ ചാനലായ സണ്‍ ടിവിയാണ് വാര്‍ത്ത സ്ഥിരീകരിച്ചു.

വിജയ് ഫാന്‍സ് വഴിയാണ് അദ്ദേഹം ഈ തുക നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിരുന്നു.

ഇത് കേരളത്തിലെ വിജയ് ഫാന്‍സ് വഴി പ്രളയബാധിത മേഖലകളിലെത്തിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.

നേരത്തെ തമിഴ് നടനും സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത് കേരളത്തിന് ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീര്‍ ഫൗണ്ടേഷന്‍ 21 ലക്ഷം രൂപയും നടി ജാക്വലിന്‍ അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കി.

തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം നല്‍കിയിരുന്നു, കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.

വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും നന്ദമുരി കല്യാണ്‍ 10 ലക്ഷം രൂപയും കമല്‍ഹാസന്‍ 25 ലക്ഷവും നയന്‍താര പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

ശങ്കര്‍ പത്തു ലക്ഷം, ജയം രവി പത്തുലക്ഷം, മുരുകദോസ് പത്ത് ലക്ഷം, ശിവകാര്‍ത്തികേയനും സിദ്ധാര്‍ഥും പത്ത് ലക്ഷം വീതം സംഭാവന നല്‍കി. സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും അല്ലു അര്‍ജുന്‍ 25 ലക്ഷം, പ്രഭാസ് 1 കോടി, വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Top