പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എയര്‍ടെല്‍

സംസ്ഥാനത്തെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. വിവിധ തരത്തിലുള്ള സേവനങ്ങളാണ് എയര്‍ടെല്‍ നല്‍കുന്നത്. പ്രളയ ബാധിത മേഖലകളിലെ എല്ലാ എയര്‍ടെല്‍ വരിക്കാര്‍ക്കും എപ്പോഴും കണക്റ്റഡായിരിക്കാന്‍ ഡേറ്റാ നേട്ടങ്ങളോടൊപ്പം സൗജന്യ ടോക്ക് ടൈമും എസ്എംഎസ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്.

കൂടാതെ പ്രീ-പെയ്ഡ് വരിക്കാരുടെ ഔട്ട്ഗോയിങ് കോളുകളുടെയും മറ്റു സേവനങ്ങളുടെയും വാലിഡിറ്റിയും പോസ്റ്റ്പെയ്ഡ് വരിക്കാരുടെ ബില്‍ തീയതികളും ഓഗസ്റ്റ് 16 വരെ നീട്ടിയിട്ടുണ്ട്. കാണാതായ ആളുകളെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി 1948 എന്ന ടോള്‍-ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറും എയര്‍ടെല്‍ സജ്ജമാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായ പ്രളയം കേരളത്തിന്റെ പല ഭാഗങ്ങളിലും ജീവിതം തടസപ്പെടുത്തിയിരിക്കുകയാണെന്നും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് തടസമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും വരിക്കാര്‍ക്ക് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ വേണ്ട നടപടികളെല്ലാം കൈകൊള്ളുന്നുണ്ടെന്നും ഭാരതി എയര്‍ടെല്‍ കേരള സിഒഒ നാഗാനന്ദ പറഞ്ഞു.

Top