ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണനിരക്ക് 357, ചെങ്ങന്നൂരില്‍ വീണ്ടും ആശങ്ക . . .

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ ഇതുവരെ 357 പേര്‍ മരിച്ചു. ഇന്നു മാത്രം 70,000 ത്തോളം പേരെ എറണാകുളം ജില്ലയില്‍ നിന്നു മാത്രം രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. ചെങ്ങന്നൂരില്‍ അടക്കം കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ചെങ്ങന്നൂരില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 22 മരണം സംഭവിച്ചതായാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച 10 പേരും ഇന്ന് 12 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍, ഇതില്‍ രണ്ട് മരണം മാത്രമാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്. അതിദാരുണമായ അവസ്ഥയാണ് ചെങ്ങന്നൂരിലേതെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എത്രയും വേഗം രക്ഷാദൗത്യം നടത്തിയില്ലെങ്കില്‍ അനവധിപേരുടെ മരണം കാണേണ്ടി വരുമെന്ന് എംഎല്‍എ സജി ചെറിയാനും പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 22 പേരാണ് മരിച്ചത്. ഇതുവരെ 357 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

പറവൂരില്‍ പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേര്‍ മരിച്ചു. പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. വ്യാഴാഴ്ച്ചയുണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് ഇന്ന് ആണ്.

ചെങ്ങന്നൂര്‍ പാണ്ടനാട് രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. വെള്ളത്തില്‍ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്നു ഈ മൃതദേഹങ്ങള്‍.

ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉപ്പുതോട് ചിറ്റടിക്കവല ഇടശ്ശേരിക്കുന്നേല്‍പ്പടി സ്വദേശികളായ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, വിശാലിന്റെ സുഹൃത്ത് ടിന്റ് എന്നിവരാണ് മരിച്ചത്.

ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ രണ്ട് പേര്‍ മരിച്ചു. ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളും മരണമടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Top