മഴക്കെടുതി; കൊച്ചിക്ക് നഷ്ടമായപ്പോള്‍ തിരുവനന്തപുരത്തിന് നേട്ടം

കൊച്ചി: കൊച്ചി വിമാനത്താവളത്തിന് നഷ്ടത്തിന്റെ ആക്കം കൂട്ടിയാണ് ഇത്തവണയും മഴ വില്ലനായിരിക്കുന്നത്. റണ്‍വേയില്‍ വെള്ളക്കെട്ടു രൂപപ്പെട്ടതുമൂലം മൂന്ന് ദിവസം അടച്ചിട്ട കൊച്ചി രാജ്യാന്ത വിമാനത്താവളത്തിന് വെള്ളക്കെടുതികള്‍ നേരിടാന്‍ ചെലവഴിച്ചതുള്‍പ്പടെ പ്രതിദിനം 10 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊച്ചിയുടെ നഷ്ടം തിരുവനന്തപുരത്തിന് നേട്ടമായേക്കുമെന്നാണ് കരുതുന്നത്.

നശിച്ചുപോയ വസ്തുക്കളുടെ കണക്ക് ഉള്‍പ്പെടുത്താതെയാണിത്. കഴിഞ്ഞ തവണ സമാന പ്രതിസന്ധി ഉണ്ടായപ്പോള്‍ പ്രശ്‌നപരിഹാരത്തിന് വേണ്ട നടപടി സ്വീകരിച്ചു എന്നു പറഞ്ഞിട്ടും വീണ്ടും അടച്ചിടേണ്ടി വന്നതാണ് നെടുമ്പാശേരിക്ക് വ്യോമയാനമേഖലയില്‍ ചെറിയ പ്രതിസന്ധി തീര്‍ക്കുന്നത്. പ്രധാന വിമാനകമ്പനികളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളും, അടിയന്തര പ്രവര്‍ത്തനങ്ങളും സിയാല്‍ നടത്തേണ്ടിവരും. എന്നാല്‍ സ്വകാര്യവത്കരണത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്ന തിരുവനന്തപുരം എയര്‍പോര്‍ട്ടിന് പെരുമഴ അനുഗ്രഹമാവുകയായിരുന്നു.

128 അധിക സര്‍വീസുകളാണ് തിരുവനന്തപുരത്തു നിന്ന് നടത്തിയത്. എട്ടിന് അര്‍ധരാത്രിയോടെയാണ് കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വിമാനങ്ങള്‍ വഴിതിരിച്ചു വിടാന്‍ തുടങ്ങിയത്. ഇത് വിജയകരമായി എയര്‍ പോര്‍ട്ട് കൈകാര്യം ചെയ്തു. സാധാരണ 50 വിമാനങ്ങള്‍ വന്നു മടങ്ങുന്ന വിമാനത്താവളമാണു തിരുവനന്തപുരം. എയര്‍ ബസ്, ജംബോ വിമാനങ്ങളും ഈ ദിവസങ്ങളില്‍ അധികമായി വന്നുപോയവയില്‍ ഉള്‍പ്പെടുന്നു. എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ശ്രീലങ്കന്‍ എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് അടക്കമുള്ള കമ്പനികളുടെ സര്‍വീസ് ഇങ്ങനെ അധികമായി വന്നു പോയി. കൂടുതല്‍ വിദേശ കമ്പനികള്‍ തിരുവനന്തപുരത്തേക്ക് എത്താന്‍ നിലവിലെ സാഹചര്യം അവസരം ഒരുക്കുമെന്നാണ് വിലയിരുത്തല്‍.

കൊച്ചിയില്‍ നിന്നെത്തിയ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയകാലത്തും തിരുവനന്തപുരത്തേക്കു വിമാനങ്ങള്‍ തിരിച്ചുവിട്ടിരുന്നു. അതിനേക്കാള്‍ ശാസ്ത്രീയമായിട്ടായിരുന്നു ഇത്തവണത്തെ ഓപ്പറേഷന്‍.

Top