പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചിൽ തുടരും ; കണ്ടെത്താനുള്ളത് 29 പേര്‍

തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. 14 മണ്ണ് മാന്തി യന്ത്രങ്ങളും ഡ്രോണും ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുക. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍.

കവളപ്പാറയില്‍ ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 29 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.

അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തിരച്ചിലില്‍ സജീവമായുണ്ടായിരുന്ന സൈന്യം ജോലി നിര്‍ത്തി മറ്റു സ്ഥലങ്ങളില്‍ സേവനത്തിനു പോയത് കവളപ്പാറയിലെ തിരച്ചിലിനെ അല്‍പം ബാധിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി പെയ്ത ചാറ്റല്‍ മഴ ഇന്നലെ തിരച്ചിലിനെ ബാധിച്ചിരുന്നു. പൊലീസ് നായകളുടെ സേവനം ഇന്ന് ഉപയോഗപ്പെടുത്തും. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ഇന്നെത്തും. ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം, സമീപ ജില്ലകളില്‍ ഇടവിട്ട് കനത്ത മഴ ലഭ്യമാകുന്ന സാഹചര്യത്തില്‍, ആലപ്പുഴയില്‍ കനത്ത ജാഗ്രത നിര്‍ദേശം ഉണ്ട്. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Top